കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ശരികളും (കോവിഡ് - 19)

തെറ്റ്: നിങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ അല്ലെങ്കിൽ ആൻറിമലേറിയ മരുന്നുകൾ ഉപയോഗിച്ച് കൊറോണ വൈറസ് ചികിത്സിക്കാനാകും

ശരി: കൊറോണ വൈറസിന് ഇതുവരെ വാക്സിനോ ചികിത്സയോ ഇല്ല.

ലോകമെമ്പാടുമുള്ള ഗവേഷകർ ഈ വൈറസിനെതിരായി ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും അതിന് എത്ര കാലമെടുക്കുമെന്ന് നമുക്ക് അറിയില്ല. 12 മുതൽ 18 മാസം വരെ എടുക്കുമെന്ന് കരുതപ്പെടുന്നു.

സന്ധിവാതം, ആൻറിമലേറിയ, എച്ച്ഐവി മരുന്നുകൾ എന്നിവയുൾപ്പെടെ കൊറോണ വൈറസിനെ ചികിത്സിക്കാൻ സഹായിക്കുന്ന വിവിധ മരുന്നുകളുടെ ഉപയോഗവും ഗവേഷകർ പരിശോധിക്കുന്നുണ്ട്. അവ കൊറോണ വൈറസ് ഭേദമാക്കില്ല, എന്നാൽ അത് വൈറസ് ബാധിക്കുന്ന ആളുകളുടെ എണ്ണവും കേസുകളുടെ തീവ്രതയും കുറച്ചേക്കും.

അതിനാൽ, കൊറോണ വൈറസിനുള്ള വാക്‌സിനോ ചികിത്സയ്‌ക്കോ കാത്തിരിക്കാതിരിക്കേണ്ടതില്ലെന്നത് പ്രധാനമാണ് - അതുകൊണ്ടാണ് ഓസ്‌ട്രേലിയ വളരെയധികം പൊതുജനാരോഗ്യ നടപടികൾ സ്വീകരിച്ചത്.

തെറ്റ്: കുട്ടികൾ കൊറോണ വൈറസിൻറെ ‘സൂപ്പർ സ്പ്രെഡർമാർ’ ആണ്

ശരി: പൊതുവെ കുട്ടികൾ അണുക്കളുടെയും കീടങ്ങളുടെയും ‘സൂപ്പർ സ്പ്രെഡർമാർ’ ആണെന്ന് അറിയപ്പെടുമ്പോൾ തന്നെ, തീർച്ചയായും ഇൻഫ്ലുവൻസയുടെ കാര്യത്തിൽ അങ്ങനെയാകാം, കൊറോണ വൈറസിൻറെ കാര്യത്തിൽ അങ്ങനെ കാണുന്നില്ല. കുറഞ്ഞത് ഇതുവരെയെങ്കിലും. ഈ വൈറസിൻറെ പ്രധാന വ്യാപനം കുട്ടികളിലാണ് സംഭവിച്ചതെന്ന് കാണിക്കുന്ന ഒരു ഡാറ്റയും ലോകത്തെവിടെയും ഇല്ല. നമ്മൾ അത് തള്ളിക്കളയുന്നില്ല. അതു സാധ്യമാണ്. എന്നാൽ എല്ലാ തെളിവുകളും അവർ കൊറോണ വൈറസിൻറെ സൂപ്പർ സ്പ്രെഡർമാർ അല്ല എന്നതാണ്.

തെറ്റ്: ഓസ്‌ട്രേലിയക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും നേടാനാവില്ല (വെന്റിലേറ്ററുകൾ, മാസ്കുകൾ, ടെസ്റ്റിംഗ് കിറ്റുകൾ)

ശരി: രോഗികൾക്കും അവരെ പരിപാലിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഉള്ള ലളിതമായ സന്ദേശം ഇതാണ് - ഉണ്ട്, ഈ മഹാമാരിയെ ചെറുക്കാൻ ഓസ്‌ട്രേലിയയ്ക്ക് മതിയായ ഉപകരണങ്ങൾ ഉണ്ട്. എന്നിരുന്നാലും, ആഗോള ഡിമാൻഡ് വിതരണത്തെക്കാളും ഉൽപാദന ശേഷിയെക്കാളും വളരെ അധികമായതിനാൽ ടെസ്റ്റിംഗുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കൾക്കും ഒരു ബുദ്ധിമുട്ട് ഉണ്ട്.

എല്ലായ്‌പ്പോഴും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വരുന്നുണ്ടെന്ന് ജീവനക്കാർക്ക് ഉറപ്പുനൽകാൻ ഞങ്ങൾക്ക് കഴിയും, അതിനർത്ഥം, രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുമെന്ന്. ഉദാഹരണത്തിന്, നാഷണൽ മെഡിക്കൽ സ്റ്റോക്ക്പൈലിൽ 10 മില്യണിലധികം മാസ്കുകൾ ഉണ്ട്. നാഷണൽ മെഡിക്കൽ സ്റ്റോക്ക്പൈൽ നന്നായി സ്റ്റോക്ക് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതൽ മാസ്കുകൾ സംഭരിക്കുവാൻ ഓസ്ട്രേലിയൻ സർക്കാർ പ്രവർത്തിച്ചു വരുന്നു, ഈ മഹാമാരി പടരുമ്പോൾ നമ്മുടെ മെഡിക്കൽ പ്രൊഫഷണലുകളെ സഹായിക്കാൻ ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഓസ്‌ട്രേലിയയിലുണ്ട്. ആഭ്യന്തര ഉൽപാദന ശേഷിയും അതിനുള്ള കഴിവും വർധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഓസ്‌ട്രേലിയയിൽ സാധാരണയായി 2,200 വെന്റിലേറ്റഡ് ഹോസ്പിറ്റൽ ബെഡുകളുണ്ട്. കഴിഞ്ഞ ആറ് ആഴ്ചകളായി അനസ്തെറ്റിക് മെഷീനുകളും മറ്റ് ഉപകരണങ്ങളും പുനക്രമീകരിക്കുന്നതിലൂടെ, ഇപ്പോൾ നമുക്ക് 4,400 വെന്റിലേറ്റഡ് ബെഡുകളുണ്ട്, അത് 7,500 ആക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഏപ്രിലിൻറെ തുടക്കത്തിൽ തീവ്രപരിചരണവും വെന്റിലേറ്ററുകളും ആവശ്യമുള്ള കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 20 ആയിരുന്നു.

ടെസ്റ്റിംഗ് ആവശ്യകതകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം വീണ്ടും വിലയിരുത്തുന്നതിനായി കമ്മ്യൂണിക്കബിൾ ഡിസീസ് നെറ്റ്‌വർക്ക് ഓസ്‌ട്രേലിയ ദിവസേന യോഗം ചേരുന്നു, അതിനാൽ അവശ്യമായ  പരിശോധന മാത്രമേ നടത്തുകയുള്ളൂ.

തെറ്റ്: കൊറോണ വൈറസ് മൂലം വർദ്ധിച്ച ആവശ്യകതയെ നേരിടാൻ ഓസ്‌ട്രേലിയയിലെ ആശുപത്രികൾക്ക് കഴിയില്ല

ശരി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഓസ്‌ട്രേലിയയിലെ പൊതു, സ്വകാര്യ ആശുപത്രികൾ ഒത്തു ചേർന്നു പ്രവർത്തിക്കുന്നു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാൻ ഓസ്‌ട്രേലിയൻ സർക്കാരും, സംസ്ഥാന, പ്രാദേശിക സർക്കാരുകളും സ്വകാര്യ ആശുപത്രി മേഖലയും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം ദേശീയതലത്തിൽ 34,000 കിടക്കകളും 105,000 മെഡിക്കൽ ജീവനക്കാരെയും ലഭ്യമാക്കും.

സ്വകാര്യമേഖല പൊതുജനങ്ങളായ രോഗികൾക്ക് ആശുപത്രി സേവനങ്ങൾ നൽകുകയും അവരുടെ ഉപകരണങ്ങൾ, കിടക്കകൾ, സപ്ലൈസ്, സ്റ്റാഫ് എന്നിവ പൊതു സംവിധാനത്തിന് അനുബന്ധമായി ലഭ്യമാക്കുകയും ചെയ്യും.

ലോങ്ങ്-സ്റ്റേ പബ്ലിക് ഹോസ്പിറ്റൽ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീം പങ്കാളികളുടെയും, പ്രായമായ കെയർ രോഗികളുടെയും, രോഗികളുടെ പൊതു ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നത് അവർ തുടരും.

ഈ പങ്കാളിത്തം ഓസ്‌ട്രേലിയയുടെ ലോകോത്തര ആരോഗ്യ സംവിധാനത്തിൻറെ മുഴുവൻ വിഭവങ്ങളും ഈ മഹാമാരി മുഖേനയുണ്ടാകുന്ന രോഗികളെ ചികിത്സിക്കുവാൻ തയ്യാറാണെന്നും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഉറപ്പാക്കും.

തെറ്റ്: രണ്ടാഴ്ചത്തെ ലോക്ക്ഡൌൺ കൊറോണ വൈറസ് വ്യാപിക്കുന്നത് അവസാനിപ്പിക്കും

ശരി: രണ്ടോ മൂന്നോ ആഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പിന്നീട് അവ പിൻവലിച്ച് നമ്മുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നത് കൊറോണ വൈറസ് പടരുന്നത് അവസാനിപ്പിക്കില്ല.

ഒരു രണ്ടാഴ്ച മാത്രമുള്ള ലോക്ക്ഡൌൺ കൊറോണ വൈറസ് അതിൻറെ വൃത്തികെട്ട തല വീണ്ടും ഉയർത്തുകയെന്ന അപകടസാധ്യത ഉണ്ടാക്കിയേക്കും, ഒരുപക്ഷേ മുമ്പത്തേതിനേക്കാൾ കൂടുതൽ ആക്രമണാത്മകമായി.

മറ്റ് രാജ്യങ്ങൾ ചെയ്തതുപോലെ നമ്മൾ എന്തുകൊണ്ട് ഒരു സമ്പൂർണ്ണ  ലോക്ക്ഡൗൺ നടപ്പാക്കിയില്ലെന്ന് ചില ആളുകൾ ചോദിക്കുന്നുണ്ട്. ഇതിനുള്ള ഉത്തരം, ഇറ്റലി, സ്പെയിൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, വ്യാപനം ആരംഭിച്ച ചൈനയിലെ വുഹാൻ പോലുള്ള നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി, നമ്മൾ ഗ്രാഫിൽ വളരെ മുന്നിലാണ് എന്നതാണ്.

എന്താണ് സംഭവിക്കുന്നതെന്ന് ഈ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധർ തിരിച്ചറിഞ്ഞപ്പോഴേക്കും കൊറോണ വൈറസ് നിയന്ത്രണാതീതമായി കാട്ടുതീ പോലെ പടർന്നിരുന്നു. അതുകൊണ്ടാണ് ആ രാജ്യങ്ങളിലെ ആശുപത്രികൾ രോഗത്തിൻറെ രൂക്ഷമായ അവസ്ഥകളെ നേരിടാൻ പാടുപെടുന്നത്.

നമ്മുടെ ആരോഗ്യ വിദഗ്ധർ ഓസ്‌ട്രേലിയയിൽ ഓരോ ദിവസവും ഉണ്ടാകുന്ന പുതിയ കേസുകളുടെ എണ്ണവും എവിടെയാണ് വ്യാപനം ഉണ്ടാകുന്നത് എന്നും നിരീക്ഷിക്കുന്നത് തുടരും. തെളിവുകളുടെ അടിസ്ഥാനത്തിൽ അവർ പുതിയ നിയമങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തേണ്ടതിൻറെ ആവശ്യകത ശുപാർശ ചെയ്യും.  www.australia.gov.au സന്ദർശിച്ച് എല്ലാവരും നിലവിലെ നിയന്ത്രണങ്ങൾ പാലിച്ച് അപ്ഡേറ്റഡ് ആയി തുടരണം.

തെറ്റ്: എല്ലാവരേയും ടെസ്റ്റ് ചെയ്യുന്നത് കൊറോണ വൈറസിൻറെ വ്യാപനം അവസാനിപ്പിക്കും

ശരി: ടെസ്റ്റിംഗ് വൈറസ് പടരുന്നത് അവസാനിപ്പിക്കില്ല.

ഏതൊരു വൈറസിനെയും പോലെ, കോവിഡ്-19 ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കുന്നതും, നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുന്നതും മാത്രമേ വൈറസിൻറെ വ്യാപനം തടയൂ.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒരാൾക്ക് കോവിഡ്-19 ഉണ്ടോയെന്ന് സ്ഥിരീകരിക്കുവാനും അതുവഴി രോഗത്തിൻറെ വ്യാപനം ട്രാക്കുചെയ്യാനും പകരുന്നത് കുറയ്ക്കാനും ടെസ്റ്റിംഗ് നമ്മളെ സഹായിക്കുന്നു. ആർക്കെങ്കിലും ഇത് ഉണ്ടെന്ന് നമുക്കറിയാമെങ്കിൽ, ആ വ്യക്തി സ്വയം ഒറ്റപ്പെട്ടു കഴിയുവാനും, അവർ ആരുമായൊക്കെ സമ്പർക്കം പുലർത്തിയെന്ന് നമുക്ക് കണ്ടെത്തുവാനും കൂടുതൽ പകരാനുള്ള സാധ്യത കുറയ്ക്കുവാനും കഴിയും.

എന്നിരുന്നാലും, കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് ആയതുകൊണ്ട് നിങ്ങൾക്ക് അപകടമില്ല അല്ലെങ്കിൽ മറ്റുള്ളവർക്ക് അപകടമില്ല എന്നർത്ഥമാക്കുന്നില്ല. നിങ്ങൾ സമ്പർക്കത്തിൽ ആയതിന് ശേഷം രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നിങ്ങൾക്ക് കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് ആയിരിക്കാൻ കഴിയും. നിങ്ങൾക്ക് ഒരു ദിവസം നെഗറ്റീവ് ആയിരുന്നാലും അടുത്ത ദിവസം കോവിഡ്-19 പിടിപെട്ടേക്കാം. അതുകൊണ്ട് നല്ല ശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടത് അത്യാവശ്യമാണ്, അവശ്യവസ്തുക്കൾക്കായി പുറത്തിറങ്ങുന്നത് ഒഴികെ വീട്ടിൽ തന്നെ ഇരിക്കുക. ഇത് കോവിഡ്-19 മാത്രമല്ല മറ്റ് രോഗങ്ങളും പകരുന്നത് തടയാൻ സഹായിക്കുന്നു, അത് നമ്മുടെ ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും കുറയ്ക്കുന്നു.

തെറ്റ്: ടെസ്റ്റിംഗ് കിറ്റുകൾ കൃത്യമല്ല

ശരി: കോവിഡ്-19 നായി നിലവിൽ ഉള്ള ടെസ്റ്റിംഗ് ന്യൂക്ലിക് ആസിഡ് അംപ്ലിഫിക്കേഷൻ എന്നറിയപ്പെടുന്ന (പോളിമർ ചെയിൻ റിയാക്ഷൻ പി.സി.ആർ)) ഉപയോഗിക്കുന്നു, അത് വളരെ കൃത്യമാണ്. ആരോഗ്യ വിദഗ്ദ്ധൻ വ്യക്തികളുടെ തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും ഒരു സ്വാബ് സ്പെസിമൻ എടുക്കുന്നത് ടെസ്റ്റിൽ ഉൾപ്പെടുന്നു. നിലവിൽ, എല്ലാ ടെസ്റ്റ് ഘടകങ്ങളും വിദേശത്താണ് നിർമ്മിക്കുന്നത്, പ്രധാനമായും യൂറോപ്പിലും ഏഷ്യയിലും. ടെസ്റ്റിംഗ് ഘടകങ്ങളുടെയും ലബോറട്ടറികളുടെയും ഒന്നിലധികം വിതരണക്കാർ സംസ്ഥാനങ്ങളിലും പ്രാദേശികമായും വ്യത്യസ്ത ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവർ ഒരേ ടെസ്റ്റിംഗ് രീതികളാണ് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാന വസ്തുത. ആഗോള ഡിമാൻഡ് വിതരണത്തേയും ഉൽപാദന ശേഷിയും മറികടക്കുന്നതായതിനാൽ ടെസ്റ്റിംഗുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കൾക്കും ഒരു ബുദ്ധിമുട്ട് ഉണ്ട്. പോയിന്റ് ഓഫ് കെയർ ആന്റിബോഡി ടെസ്റ്റുകൾ രോഗനിർണയത്തിന് കൃത്യമല്ല, അതിനാൽ അതിനായി അവ ശുപാർശ ചെയ്യപ്പെടുന്നില്ല.

കൊറോണ വൈറസ് ടെസ്റ്റ് ചെയ്യാനുള്ള ശേഷിയും കഴിവും ഓസ്‌ട്രേലിയ പരിപാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും സാധ്യമായ ഇതര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ആയി പബ്ലിക് ഹെൽത്ത് ലബോറട്ടറി നെറ്റ്‌വർക്ക് മുഖേന വിതരണക്കാരുമായും ലബോറട്ടറികളുമായി ഓസ്ട്രേലിയൻ സർക്കാർ സഹകരിച്ച് പ്രവർത്തിക്കുന്നു.

കോവിഡ്-19 നോടുള്ള ഓസ്‌ട്രേലിയൻ ഗവൺമെന്റിൻറെ പ്രതികരണത്തിലെ പ്രധാന സംഭവവികാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാൻ പതിവായി ഈ വെബ്‌സൈറ്റ് സന്ദർശിക്കുക.

നിങ്ങളുടെ ഭാഷയിൽ‌ കോവിഡ്-19 നെക്കുറിച്ചുള്ള നിരവധി വിവരങ്ങളും SBS ൽ ഉണ്ട്. സർക്കാർ വിവരങ്ങൾ വിവർത്തനം ചെയ്യുന്നതിന് നിങ്ങൾക്ക് മൊബൈൽ ഫോൺ അപ്ലിക്കേഷനുകളും ബ്രൗസർ എക്സറ്റൻഷനുകളും ഉപയോഗിക്കാം. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒന്നിനായി തിരയുക.

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ലഭിക്കുന്നതിന്, സന്ദർശിക്കുക www.australia.gov.au.