വർണ്ണവിവേചനം അംഗീകരിക്കാവുന്നതല്ല

നിങ്ങൾ വർണ്ണവിവേചനത്തിനോ, പീഡനത്തിനോ, വിദ്വേഷത്തിനോ സാക്ഷ്യം വഹിക്കുകയോ അനുഭവിക്കുകയോ ചെയ്യുകയാണെങ്കിൽ, അത് സഹിക്കരുത്; റിപ്പോർട്ടു ചെയ്യുക.

നിങ്ങൾ വംശീയ പെരുമാറ്റത്തിന്‍റെ ഇരയാണെങ്കിൽ

 • നിങ്ങൾ ആക്രമിക്കപ്പെടുകയോ അക്രമ ഭീഷണി നേരിടുകയോ ചെയ്‌താൽ, പോലീസിനെ ബന്ധപ്പെടുക.
  • അടിയന്തിര സാഹചര്യങ്ങളിലോ ജീവന് ഭീഷണിയായ സാഹചര്യത്തിലോ ട്രിപ്പിൾ സീറോയിൽ (000) വിളിച്ച് പോലീസ് സഹായം ആവശ്യപ്പെടുക.
  • നിങ്ങൾക്ക് പോലീസ് സഹായം ആവശ്യമുണ്ട്, എന്നാൽ പെട്ടെന്നുള്ള അപകടം ഒന്നും ഇല്ലെങ്കിൽ, Police Assistance Line-ൽ (പോലീസ് അസിസ്റ്റൻസ് ലൈൻ) (131 444) വിളിക്കുക.
 • അക്രമങ്ങളൊന്നും ഉൾപ്പെടാതിരിക്കുകയും, സ്വയം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത് സുരക്ഷിതവുമാണെങ്കിൽ, ബന്ധപ്പെട്ട വ്യക്തിയുമായോ ആളുകളുമായോ നേരിട്ട് ചർച്ച ചെയ്‌ത് പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
 • നേരിട്ട് ബന്ധപ്പെടുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെങ്കിലോ, ഇത് ചെയ്യുന്നത് നിങ്ങൾക്ക് സുഖകരമായി തോന്നുന്നില്ലെങ്കിലോ, നിങ്ങൾക്ക് Australian Human Rights Commission-ൽ (ഓസ്ട്രേലിയൻ മനുഷ്യാവകാശ കമ്മീഷൻ) (AHRC) പരാതി നൽകാം.
  • AHRC-യിൽ ഒരു പരാതി നൽകുന്നതിന്, www.humanrights.gov.au/complaints സന്ദർശിക്കുകയോ 1300 656 419 എന്ന നമ്പരിലോ 02 9284 9888 എന്ന നമ്പരിലോ AHRC-യുടെ National Information Service-ൽ (നാഷണൽ ഇൻഫർമേഷൻ സർവീസിൽ) വിളിക്കുകയോ ചെയ്യുക.

കണ്ടുനിൽക്കുന്നവരുടെ ശക്തി

വർണ്ണവിവേചനത്തിന് സാക്ഷികളാകുന്ന ആളുകൾ അതിനെതിരെ സംസാരിക്കുമ്പോൾ, ടാർഗെറ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് തനിക്ക് പിന്തുണ ലഭിക്കുന്നതായി തോന്നുകയും, വംശീയവാദിയായ വ്യക്തി തന്‍റെ പെരുമാറ്റം പുനഃപരിശോധിക്കുകയും ചെയ്യും. നിങ്ങൾ സ്വയം അപകടത്തിലേക്ക് പോകരുത്. എന്നാൽ സുരക്ഷിതമാണെങ്കിൽ, ഇരയ്ക്ക് വേണ്ടി സംസാരിക്കുകയും ഇരയ്‌ക്കൊപ്പം നിൽക്കുകയും ചെയ്യുക. ഒരു ചെറിയ ആംഗ്യമോ ഭാവമോ പോലും ശക്‌തമായ പ്രയോജനം ചെയ്യും.

വംശീയ പെരുമാറ്റം കണ്ടാൽ നിങ്ങൾക്ക് ഇവ ചെയ്യാനാകും:

 • തുറന്ന് പറയുക — അത് വർണ്ണവിവേചനമാണെന്ന് തുറന്ന് പറയുക, അത് സ്വീകാര്യമല്ലെന്ന് കുറ്റവാളിയെ അറിയിക്കുക
 • ഇരയായ വ്യക്തിക്ക് പിന്തുണ നൽകുക — ടാർഗർ ചെയ്യപ്പെടുന്ന വ്യക്തിക്കൊപ്പം നിൽക്കുകയും അവർക്ക് പ്രശ്‌നമൊന്നും ഇല്ലെന്ന് ചോദിച്ച് ഉറപ്പ് വരുത്തുകയും ചെയ്യുക  
 • തെളിവ് എടുക്കുക — ഈ സംഭവം ഫോണിൽ റെക്കോർഡ് ചെയ്യുക, കുറ്റവാളിയുടെ ഫോട്ടോ എടുക്കുകയും അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുക

കണ്ടുനിൽക്കുന്നവർക്കായി Australian Human Rights Commission-ന്‍റെ (ഓസ്‌ട്രേലിയൻ ഹ്യൂമൺ റൈറ്റ്സ് കമ്മീഷൻ) പക്കൽ കുറച്ച് നുറുങ്ങുകൾ ഉണ്ട്, അവയ്ക്കായി https://itstopswithme.humanrights.gov.au/respond-racism സന്ദർശിക്കുക

വർണ്ണവിവേചനവും നിങ്ങളുടെ അവകാശങ്ങളും

ആസ്‌ട്രേലിയയിൽ, ഒരു വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ വംശമോ, നിറമോ, ദേശീയമോ വംശീയമോ ആയ ഉത്ഭവമോ അടിസ്ഥാനമാക്കി പൊതുയിടത്തിൽ അപകീർത്തിപ്പെടുത്തുകയോ അപമാനിക്കുകയോ അവഹേളിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാൻ സാധ്യതയുള്ളത് എന്തും നിയമ വിരുദ്ധമാണ്. ഇത്തരത്തിലുള്ള പെരുമാറ്റത്തെ വംശീയ വിദ്വേഷമായി കണക്കാക്കുന്നു.

വംശീയ വിദ്വേഷത്തിന്‍റെ ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടാം:

 • ഇ-ഫോറങ്ങൾ, ബ്ലോഗുകൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ, വീഡിയോ പങ്കിടൽ സൈറ്റുകൾ എന്നിവ ഉൾപ്പെടെ ഇൻറർനെറ്റിലെ വംശീയമായി അപകീർത്തികരമായ വസ്‌തുക്കൾ
 • പത്രങ്ങളിലെയോ, മാസികകളിലെയോ, ലഘുലേഖകൾ അല്ലെങ്കിൽ ഫ്ലയറുകൾ പോലുള്ള മറ്റ് പ്രസിദ്ധീകരണങ്ങളിലെയോ വംശീയമായി അപകീർത്തികരമായ അഭിപ്രായങ്ങളോ ചിത്രങ്ങളോ
 • പൊതു റാലിയിലെ വംശീയമായി അപകീർത്തികരമായ പ്രസംഗങ്ങൾ
 • ഒരു കച്ചവട സ്ഥാപനം, ജോലിസ്ഥലം, പാർക്ക്, പൊതുഗതാഗതമോ സ്‌കൂളോ പോലുള്ള പൊതു സ്ഥലം എന്നിവിടങ്ങളിൽ വച്ചുള്ള വംശീയമായി ആധിക്ഷേപകരമായ പരാമർശങ്ങൾ
 • കായിക മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിൽ കളിക്കാർ, കാണികൾ, പരിശീലകർ അല്ലെങ്കിൽ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള വംശീയമായി ആധിക്ഷേപകരമായ പരാമർശങ്ങൾ.

സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള അവകാശവും (‘സംസാര സ്വാതന്ത്ര്യം’) വംശീയ വിദ്വേഷത്തിൽ നിന്ന് മുക്തമായി ജീവിക്കാനുള്ള അവകാശവും തമ്മിൽ തുല്യമായ ഒരു അകലം പാലിക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. “ന്യായമായും നല്ല ഉദ്ദേശ്യത്തോട് കൂടിയും” പ്രവർത്തിച്ചാൽ ചില പ്രവർത്തികൾ നിയമ വിരുദ്ധമാകില്ല.

ഒരു പ്രത്യേക വംശീയ പശ്ചാത്തലമോ ചർമ്മത്തിന്‍റെ നിറമോ മൂലം ഒരു വ്യക്തിക്ക് ഒരു വീട് വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുന്നതോ പോലെ വംശമോ, നിറമോ, വംശാവലിയോ, ദേശീയമോ വംശീയമോ ആയ ഉത്ഭവമോ, കുടിയേറ്റ നിലയോ കാരണം സമാനമായ സാഹചര്യത്തിലുള്ള മറ്റൊരു വ്യക്തിയെക്കാൾ താഴ്‌ന്ന നിലയിൽ ഒരു വ്യക്തിയെ പരിഗണിക്കുമ്പോൾ വംശീയ വിവേചനം സംഭവിക്കുന്നു.

എല്ലാവർക്കും തുല്യമായ ഒരു നിയമമോ നയമോ ഉണ്ടെങ്കിലും, ഒരു കമ്പനി തങ്ങളുടെ തൊഴിലാളികളോട് തൊപ്പിയോ ശിരോവസ്‌ത്രമോ ധരിക്കരുതെന്ന് പറയുന്നത് പോലെ ഒരു പ്രത്യേക വംശമോ, നിറമോ, വംശാവലിയോ, ദേശീയമോ വംശീയമോ ആയ ഉത്ഭവമോ, കുടിയേറ്റ നിലയോ ഉള്ള ആളുകളെ അന്യായമായി ബാധിക്കുന്നതെന്തും വർണ്ണവിവേചനമായി കണക്കാക്കും.

നിങ്ങൾ വംശീയ വിദ്വേഷമോ വെറുപ്പോ നേരിടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് Australian Human Rights Commission-ന് പരാതി നൽകാം. പരാതി നൽകുന്ന പ്രക്രിയ ലളിതവും, സൗജന്യവും, അനായസമായതുമാണ്.

Australian Human Rights Commission-ൽ ഒരു പരാതി നൽകുന്നതിന്, www.humanrights.gov.au/complaints സന്ദർശിക്കുക

National Information Service (നാഷണൽ ഇൻഫർമേഷൻ സർവീസ്)

Australian Human Rights Commission-ന്‍റെ National Information Service (NIS) വ്യക്തികൾക്കും, സംഘടനകൾക്കും, തൊഴിൽ ദാതാക്കൾക്കും നിരവധി മനുഷ്യാവകാശങ്ങളെയും വിവേചനത്തെയും കുറിച്ചുള്ള വിവരങ്ങളും റെഫറലുകളും നൽകുന്നു. ഈ സേവനം സൗജന്യവും രഹസ്യ സ്വഭാവമുള്ളതുമാണ്.

NIS-ന് ഇവ കഴിയും:

 • ഫെഡറൽ മനുഷ്യാവകാശങ്ങൾക്കും വിവേചന വിരുദ്ധ നിയമത്തിനും കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിയും
 • നിങ്ങൾക്ക് കമ്മീഷന് പരാതി നൽകാൻ കഴിയുമോ അല്ലെങ്കിൽ നിങ്ങളുടെ സാഹചര്യത്തിൽ നിയമം എങ്ങനെ ബാധകമാകുമെന്നോ ചർച്ച ചെയ്യാൻ കഴിയും
 • ഒരു പരാതി എങ്ങനെ നൽകാമെന്നോ, പരാതിയോട് പ്രതികരിക്കേണ്ടത് എങ്ങനെയാണെന്നോ അല്ലെങ്കിൽ പ്രത്യേക വിവേചന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിയും
 • നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കാവുന്ന മറ്റൊരു സംഘടനയിലേക്ക് നിങ്ങളെ റഫർ ചെയ്യാൻ കഴിയും

നിയമോപദേശം നൽകാൻ NIS-ന് കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങൾക്ക് ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ NIS-മായി ബന്ധപ്പെടാം:

വിവർത്തനവും ദ്വിഭാഷി സേവനവും

ഇംഗ്ലീഷ് സംസാരിക്കാത്ത ആളുകൾക്കായുള്ള ഒരു ദ്വിഭാഷി സേവനമാണ് Translating and Interpreting Service (ട്രാൻസ്ലേഷൻ ആൻഡ് ഇന്റർപ്രെറ്റിംഗ് സർവീസ്) (TIS National). TIS National services-ലെ (ടിഐഎസ് നാഷണൽ സർവീസസ്) ഭൂരിപക്ഷം സേവനങ്ങളും ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്തവർക്ക് സൗജന്യമാണ്.

കൗൺസലിംഗും മാനസ്സികാരോഗ്യ സൗഖ്യവും

COVID-19 മഹാമാരി കാലയളവിൽ ആളുകളെ സഹായിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെ‌യ്‌ത ഒരു പുതിയ 24/7 പിന്തുണാ സേവനം എല്ലാ ആസ്‌ട്രേലിയക്കാർക്കും സൗജന്യമായി ലഭ്യമാണ്.

പിന്തുണാ സേവനം https://coronavirus.beyondblue.org.au/ വെബ്‌സൈറ്റ് വഴി ആക്‌സസ് ചെയ്യാൻ കഴിയും

വ്യക്തിഗത പ്രതിസന്ധിക്കും മാനസികാരോഗ്യ സഹായ സേവനങ്ങൾക്കും 1800 512 348 എന്ന നമ്പരിൽ Beyond Blue-നെയോ (ബിയോണ്ട് ബ്ലൂ) അല്ലെങ്കിൽ 13 11 14 എന്ന നമ്പരിൽ Lifeline-നെയോ (ലൈഫ്‌ലൈൻ) നിങ്ങൾക്ക് ഏത് സമയത്തും ബന്ധപ്പെടാവുന്നതാണ്. 

5 മുതൽ 25 വയസ്സുവരെ പ്രായമുള്ള ചെറുപ്പക്കാർക്കുള്ള ഒരു സൗജന്യ സേവനമാണ് Kids Helpline (കിഡ്‌സ് ഹെൽപ്പ് ലൈൻ). കുട്ടികൾക്കും കൗമാരക്കാർക്കും ചെറുപ്പക്കാർക്കും ഏത് സമയത്തും 1800 551 800 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.